Monday, April 20, 2009

വി.മുരളീധരന് വോട്ട് ചെയ്ത എല്ലാ മാന്യ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....

Friday, April 10, 2009

കോഴിക്കോട്ട് നിറസാന്നിധ്യമായി മുരളീധരന്‍

കോഴിക്കോട്: ഇത്തവണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ ബി.ജെ.പി.യുടെ നിറസാന്നിധ്യമുണ്ട്. നാടെങ്ങും കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും ചുവരെഴുത്തുമുണ്ട്. സ്ഥാനാര്‍ഥി യുവനേതാവ് വി. മുരളീധരന്‍ കൂടിയാകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് എക്കാലത്തേക്കാളും ആവേശം. ഇക്കുറി താമര വിരിയുമോ? വി. മുരളീധരന്‍ നിശ്ചയദാര്‍ഢ്യത്തോടെ മന്ദഹസിക്കുന്നു. താമര വിരിയാന്‍ പറ്റിയ സാഹചര്യമാണുണ്ടായിട്ടുള്ളത്. ജനങ്ങള്‍ ഇരുമുന്നണിയെയും പറ്റി മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അവരെ ആര്‍ക്കും പറ്റിക്കാന്‍ സാധിക്കില്ല.

തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മൂന്നുമാസം മുമ്പേ മുരളീധരന്‍ സ്ഥാനാര്‍ഥിയായി മണ്ഡലത്തിലുണ്ട്. ബി.ജെ.പി. ആദ്യം പ്രഖ്യാപിച്ച പട്ടികയില്‍ തന്നെ സ്ഥാനം പിടിച്ച ഇദ്ദേഹം മണ്ഡലങ്ങളില്‍ നാലാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. ഇതിന് മുന്‍പ് മണ്ഡലത്തില്‍ 'പരിവര്‍ത്തന'യാത്രയും നടത്തിയിട്ടുണ്ട്.

ബി.ജെ.പി. മുന്‍ ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡുവുമായി മലബാര്‍ പാലസില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ചര്‍ച്ച ചെയ്തശേഷമാണ് മുരളീധരന്‍ തിങ്കളാഴ്ച പര്യടനം ആരംഭിച്ചത്. പുതിയാപ്പയില്‍ നിന്നായിരുന്നു തുടക്കം. ഫിഷിങ് ഹാര്‍ബറില്‍ മത്സ്യബന്ധന തൊഴിലാളികളെയും നാട്ടുകാരെയും ചെന്നുകണ്ട് വോട്ട് അഭ്യര്‍ഥിച്ച അദ്ദേഹം എലത്തൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കം കുറിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജന്‍, സെക്രട്ടറി പി.രഘുനാഥ്, കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കെ. കൃഷ്ണന്‍, കെ.പി. ചന്ദ്രന്‍, എം.സി. ശശീന്ദ്രന്‍, പട്ടികമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പത്മാവതി, മഹിളാ മോര്‍ച്ച നേതാവ് ശോഭ രാജന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. എലത്തൂര്‍ മണ്ഡലം സെക്രട്ടറി നാരായണനാണ് പര്യടനം നിയന്ത്രിച്ചത്.

മുരളീധരനെ പ്രകീര്‍ത്തിച്ചുകൊണ്ടും കോഴിക്കോടിന്റെ സമഗ്രവികസനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമുള്ള മലയാള ഹിറ്റ്ഗാനത്തിന്റെ പാരഡിയുമായി പൈലറ്റ് വാഹനം മുന്നോട്ടു നീങ്ങിയപ്പോള്‍ തൊട്ടുപിന്നില്‍ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കൈവീശി സ്ഥാനാര്‍ഥി അണിനിരന്നു. എലത്തൂര്‍, പൂരത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പറമ്പത്ത് എത്തിയപ്പോള്‍ അവിടെ യുവമോര്‍ച്ച നേതാവ് വട്ടക്കണ്ടി വേലായുധന്‍ യു.പി.എ. സര്‍ക്കാരിന്റെ ഭരണത്തകര്‍ച്ചയും എല്‍.ഡി.എഫിന്റെ മഅദനി ബന്ധവും എന്‍.ഡി.എ. സര്‍ക്കാരിന്റെ ആവശ്യകതയെപ്പറ്റിയും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി എത്തിയതോടെ അദ്ദേഹം പ്രസംഗം നിര്‍ത്തി. ചുറ്റും നിന്ന ജനക്കൂട്ടത്തോട് വോട്ട് അഭ്യര്‍ഥിച്ചശേഷം ചെറു പ്രസംഗം നടത്തി മുരളീധരന്‍ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങി. 'പാവപ്പെട്ടവനു പാവപ്പെട്ടവനായും പ്രിയപ്പെട്ടവര്‍ക്ക് പ്രിയപ്പെട്ടവനായും കോഴിക്കോടിന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന മുരളീധരന് വോട്ട് ചെയ്യുക, കോഴിക്കോട്ട് സ്വര്‍ണത്താമര വിരിയിക്കാന്‍ മുരളീധരന്റെ കരങ്ങളെ ശക്തിപ്പെടുത്തുക'... അനൗണ്‍സ്‌മെന്റ് ഉയര്‍ന്നുകേള്‍ക്കുന്നതോടെ പാതയോരത്തെ സ്ത്രീകള്‍ സ്ഥാനാര്‍ഥിയെ ഒരു നോക്കുകാണാന്‍ എത്തി. എല്ലാവര്‍ക്കും കൈവീശി നീങ്ങിയ മുരളീധരന്‍ ആള്‍ക്കൂട്ടത്തിലേക്കിറങ്ങി വോട്ട് അഭ്യര്‍ഥിച്ചു.

രാവിലെ ജനസമ്പര്‍ക്കം, വൈകിട്ട് പ്രസംഗം എന്ന നിലയിലാണ് മുരളീധരന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം. അന്നശ്ശേരിയിലും തുണ്ടുമണ്ണിലും ലഭിച്ച സ്വീകരണത്തിനുശേഷം സ്ഥാനാര്‍ഥി പട്ടര്‍പാലത്തെത്തി. ഓരോ പീടികയിലും കയറി ഇറങ്ങി വോട്ട് ചോദിക്കവെ വൃദ്ധയായ സ്ത്രീ ഓടിവന്ന് മുരളീധരനെ ആശീര്‍വദിച്ചു. 'ഇത്തവണ എല്ലായിടത്തും താമര വിരിയണം'- മാളുക്കുട്ടി എന്ന സ്ത്രീ പറഞ്ഞപ്പോള്‍ സ്ഥാനാര്‍ഥി അവരെ ആശ്ലേഷിച്ചു. സ്ഥാനാര്‍ഥിയുടെ കൂടെ വോട്ടു പിടിക്കാനും അവര്‍ മുന്നിലുണ്ടായിരുന്നു.''ഞാന്‍ പരിവര്‍ത്തനയാത്ര നടത്തിയപ്പോള്‍ ചേളന്നൂരില്‍ മാളുക്കുട്ടിയെ കണ്ടിട്ടുണ്ട്. ആ ഓര്‍മ നഷ്ടപ്പെടാതെ ഇവിടെ എന്നെ കാത്തുനില്‍ക്കുകയായിരുന്നു''-സന്തോഷത്തോടെയായിരുന്നു മുരളീധരന്റെ പ്രതികരണം. ഇതിനിടെ റോഡരികില്‍ താത്കാലിക ഷെഡില്‍ ഇരിക്കുകയായിരുന്ന സി.പി.എം. പ്രവര്‍ത്തകരെയും അദ്ദേഹം മറന്നില്ല. കയറിച്ചെന്ന് കൈ കൊടുത്ത് വോട്ട് ചോദിച്ചു.

എല്ലായിടത്തും ഏതാണ്ട് കൃത്യമായ സമയത്തുതന്നെയാണ് സ്ഥാനാര്‍ഥി എത്തിയത്. നാല്‍ക്കവലയില്‍ വാഹനം നിര്‍ത്തി വോട്ട് പിടിച്ച അദ്ദേഹം റോഡില്‍ കണ്ട കല്ല്യാണപാര്‍ട്ടിക്കാരോടും സഹായം അഭ്യര്‍ഥിച്ചു. പുതിയേടത്തുതാഴത്ത് സുഖമില്ലാതെ ഇരിക്കുന്ന പഴയ ജനസംഘം പ്രവര്‍ത്തകന്‍ കക്കാട് സോമനെ സ്ഥാനാര്‍ഥിയും സംഘവും സന്ദര്‍ശിച്ചു. അദ്ദേഹം വിജയാശംസ നേര്‍ന്നു. തൊട്ടടുത്ത സ്വീകരണ സ്ഥലമായ പയിമ്പ്രയിലേയ്ക്കുള്ള വഴിമധ്യേ അമ്മ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനും മുരളീധരന്‍ മറന്നില്ല.

മുരളീധരന്‍ എത്തുന്നതറിയിച്ചുകൊണ്ടുള്ള പൈലറ്റ്‌വാഹനം പയിമ്പ്രയില്‍ എത്തിയപ്പോള്‍തന്നെ 'ഭാരത് മാതാ കീ ജയ്' വിളി ഉയര്‍ന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മുദ്രാവാക്യത്തോടെതന്നെ പ്രവര്‍ത്തകര്‍ ഓരോ കടയിലും വോട്ട് അഭ്യര്‍ഥിക്കാന്‍ ആനയിച്ചു. പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ മുരളീധരനെ എതിരേറ്റത്.

എല്ലായിടത്തും മാറ്റം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് മുരളീധരന്‍ ഇടവേളയില്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ബി.ജെ.പി.യെ ഹിന്ദു പാര്‍ട്ടി എന്നു സംശയിക്കുന്ന മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ പോലും നല്ല പ്രതികരണമാണ് ലഭിച്ചത്. ബി.ജെ.പി.യുടെ നയങ്ങള്‍ പറയുന്നതോടെ അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫ്, യു.ഡി.എഫ്. ഭരണം ജനങ്ങള്‍ കാലാകാലമായി അനുഭവിച്ചുപോരുകയാണ്. അതിലെ പൊള്ളത്തരം പൊതുജനം വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു. ബി.ജെ.പി.യെ സ്വീകരിക്കാനുള്ള മനസ്സ് വളര്‍ന്നുവരികയാണെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോടിന്റെ സമഗ്രവികസനമാണ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പറമ്പില്‍ബസാറില്‍ രാവിലത്തെ പര്യടനം അവസാനിപ്പിച്ച് സ്ഥാനാര്‍ഥിയും കൂട്ടരും ഉച്ചയ്ക്കുശേഷം കിരാലൂരില്‍നിന്ന് വീണ്ടും പര്യടനം ആരംഭിച്ചു. കക്കോടി, പി.സി.പാലം, പുന്നശ്ശേരി, കാക്കൂര്‍, ചീക്കിലോട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നന്മണ്ടയില്‍ സമാപിച്ചു .
കടപ്പാട് : മാതൃഭൂമി ദിനപ്പത്രം...

Friday, April 3, 2009

വി മുരളീധരനെ വിജയിപ്പിക്കുക....