Friday, March 20, 2009

V Muraleedharan

വി. മുരളീധരന്‍, തലശ്ശേരി എരഞ്ഞോളിയില്‍ വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും നന്പള്ളി വീട്ടില്‍ ദേവകിയുടെയും മകനായി 1958 ഡിസംബര്‍ 12ന് ജനിച്ചു. കൊടക്കളം യു.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കോളേജ് വിദ്യാഭ്യാസ ശേഷം 1980 ജൂണില്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ എല്‍. ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി 1980 ഒക്ടോബറില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടു മാസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഇ.കെ നായനാരെ ഡല്‍ഹി കേരള ഹൌസില്‍ ഘരാവോ ചെയ്തത് അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1984ല്‍ കേസ് വെറുതെ വിട്ടതിനെ തുടര്‍ന്ന് ജോലിയില്‍ പുന:പ്രവേശിച്ചു.

1985ല്‍ ജോലി രാജിവെച്ച് എ.ബി.വി.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. പഠനകാലത്ത് എ.ബി.വി.പിയുടെ തലശ്ശേരി താലൂക്ക് പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസത്തിനു ശേഷം എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 മുതല്‍ 1994 വരെ സംസ്ഥാന സംഘടന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. 1987 മുതല്‍ 90 വരെ എ.ബി.വി.പി അഖിലേന്ത്യാ സെക്രട്ടറിയായി. അനന്ത് കുമാറിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അഖിലേന്ത്യാ സെക്രട്ടറിയാണ് വി. മുരളീധരന്‍. 1994 - 96 വര്‍ഷത്തില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എന്ന നിലക്ക് മുംബൈ കേന്ദ്രമാക്കി ദേശവ്യാപകമായി യാത്ര ചെയ്തു.

എ.ബി.വി.പിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്പോള്‍ തന്നെ അനേകം സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മുന്‍ നിര പോരാളിയായി. പ്രീ-ഡിഗ്രി ബോര്‍ഡ് സമരം, പോളിടെക്നിക് സമരം, മെഡിക്കോസ് സമരം എന്നീ പ്രക്ഷോഭങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടു നടന്ന “ചലൊ കാശ്മീര്‍” മാര്‍ച്ചില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ചു. ബംഗ്ലാദേശ് നുഴഞ്ഞു കയറ്റത്തിനെതിരെ ആസ്സാമില്‍ നടന്ന സമരത്തിലും പങ്കെടുത്ത് അറസ്റ്റ് വരിക്കുകയുണ്ടായി. ബോഫോഴ്സ് സമരം, പാലക്കാട് റെയില്‍‌വെ ഡിവിഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ നടന്ന സമരം, വിലക്കയറ്റ വിരുദ്ധ ജയില്‍ നിറക്കല്‍ സമരം, അബ്ദുള്‍ വഹാബ് എം.പി ചെറൂവണ്ണൂരില്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതിനായി നടത്തിയ സമരം എന്നിവ ജനശ്രദ്ധ നേടി. എ.ഡി.ബി ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ നടന്ന 48 മണിക്കൂര്‍ ഉപവാസത്തിന് നേതൃത്വം നല്‍കി. അടിസ്ഥാന ജനവിഭാഗമായ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ വിവിധ സാമുദായിക സംഘടനകളെ സംഘടിപ്പിക്കുകയും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ബി.ജെ.പി അഖിലേന്ത്യാ പരിശീലന വിഭാഗം കണ്‍‌വീനര്‍, അഖിലേന്ത്യാ എന്‍.ജി.ഒ സെല്‍ കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വാജ്പേയ് പ്രധാനമന്ത്രി ആയിരിക്കെ 1999ല്‍ നെഹ്രു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനായി. 2000ത്തില്‍ പ്രധാനമന്ത്രി ചെയര്‍മാനായ ഇന്ത്യന്‍ റിപ്പബ്ലിക് സുവര്‍ണ്ണജയന്തി ആഘോഷ കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2004 വരെ നെഹ്രു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായും ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രി കമ്മീഷന്റെ കീഴിലുള്ള യൂത്ത് എം‌പ്ലോയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ കണ്‍‌വീനറായും പ്രവര്‍ത്തിച്ചു. നെഹ്രു യുവകേന്ദ്രയുടെ ചുമതലയിലിരിക്കെ രാഷ്ട്രപുനര്‍ നിര്‍മ്മാണവാഹിനി രൂപീകരിച്ച് ദേശീയശ്രദ്ധ നേടി. യുവാക്കളില്‍ സംരംഭകത്വം, സന്പാദ്യ ശീലം എന്നിവ വളര്‍ത്തുന്നതിന് വി. മുരളീധരന്‍ സ്ഥാപകനായി അഖിലേന്ത്യാ തലത്തില്‍ നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

2004ല്‍ ബാങ്കോക്കില്‍ നടന്ന്ന ഏഷ്യ-പെസഫിക് കോണ്‍‌ഫ്രന്‍സില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയം, ഉന്നത വിദ്യാഭ്യാസ രംഗം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നടന്ന 25ഓളം - അന്തര്‍ദേശീയ - ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ വി. മുരളീധരന്‍, ഭാര്യ ചേളന്നൂര്‍ എസ്. എന്‍ കോളേജിലെ സംസ്കൃത വിഭാഗം ലക്ചററായ ഡോ.കെ.എസ്. ജയശ്രീയുമോത്ത് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള വാടകവീട്ടില്‍ താമസിക്കുന്നു.

Sunday, March 15, 2009


പതിനഞ്ചാമത് ലോക്സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്പോള്‍ ഭാരതം ഒരു സമഗ്ര പരിവര്‍ത്തനത്തിന് കാതോര്‍ക്കുകയാണ്. രാഷ്ട്രത്തെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള ഒരു നേതൃത്വത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കേണ്ട സമയമായി.
ചരിത്രമുറങ്ങുന്ന കോഴിക്കോടിന് മറ്റൊരു ചരിത്ര ദൌത്യം നിര്‍വ്വഹിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു
വാസ്കോഡഗാമയുടെ കാല്‍പ്പാദം പതിഞ്ഞ കാപ്പാടും കല്ലായിപ്പുഴയും മിഠായിത്തെരുവും രാവുകളെ പകലാക്കുന്ന ഗസല്‍ സന്ധ്യകളും ബേപ്പൂര്‍ സുല്‍ത്താനും എല്ലാം കോഴിക്കോടിന്‍റെ ഗതകാല സാംസ്കാരികപ്രൌഢിയുടെ വിസ്മരിക്കാനാവാത്ത ദൃശ്യങ്ങളാണ്.

ഒരു കാലത്ത് തടി വ്യവസായമുള്‍പ്പെടെ കേരളത്തിലെ വാണിജ്യ വ്യവസായ രംഗങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന കോഴിക്കോട് ഇന്ന് വികസന മുരടിപ്പിന്‍റെയും സാന്പത്തിക തകര്‍ച്ചയുടെയും നടുവിലാണ്. പ്രവാസികളെന്ന് നാം വിളിക്കുന്ന നമ്മുടെ സോദരര്‍, മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്നത് ഇവിടത്തെ പ്രതിസന്ധികളെ ലഘൂകരിക്കുന്നു.

ആഗോള സാന്പത്തിക പ്രതിസന്ധിയുടെ ആഘാതം അറബ് രാജ്യങ്ങളെയും ബാധിച്ചപ്പോള്‍, നമ്മുടെ പ്രവാസി സോദരരില്‍ പലരും തിരികെ പോരേണ്ട അവസ്ഥയിലാണ്. കെട്ടുതാലിയും പുരയിടവും പണയം വച്ച് ഒരിത്തിരി സ്വപ്നങ്ങളുമായി പോയവര്‍, തിരികെ വെറും കയ്യുമായി വരുന്പോള്‍, അവര്‍ക്കായി യാതൊന്നും ചെയ്യാന്‍ സാധിക്കാതെ നമ്മളെ ഭരിക്കുന്നവര്‍ ഉറങ്ങുന്നു.

കേരളം ആഗോള തീവ്രവാദ ശൃംഖലയുടെ കണ്ണിയായി മാറിയപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട കോഴിക്കോടും ലക്ഷ്യമാക്കപ്പെട്ടു എന്നത് അതീവ ദു:ഖകരമായി. നമുക്ക് ധൈര്യം നല്‍കേണ്ടിയിരുന്നവര്‍, നമ്മുടെ നേതാവെന്ന് സ്വയം പ്രഖ്യാപിച്ചവര്‍ വോട്ട് ബാങ്കിനു വേണ്ടി തീവ്രവാദികളുമായി സഖ്യം ചെയ്തപ്പോള്‍, നാം അനാഥരായി.

നാണ്യവിളകളുടെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് കണ്ണീരു നല്‍കി. കര്‍ഷക ആത്മഹത്യ നമ്മുടെ ജില്ലയിലും പരിസരജില്ലകളിലും വ്യാപകമായി. ബഹുഭൂരിപക്ഷം കര്‍ഷകരും പട്ടിണിയിലായി.

കോഴിക്കോട് ജില്ലയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കാലിക്കോ, മസ്ലിന്‍ തുണിത്തരങ്ങള്‍ ഭാരതത്തിലെ ടെക്സ്റ്റയില്‍ വ്യവസായത്തിന് അഭിമാനമായിരുന്നു. കൈത്തറി ഉള്‍പ്പെടെയുള്ള തനത് പരന്പരാഗത വ്യവസായങ്ങള്‍ ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.

അടിസ്ഥാന സൌകര്യവികസന രംഗത്ത് കോഴിക്കോടിന് ഒട്ടേറെ സാധ്യതകളാണുള്ളത്. എന്‍.ഡി.ഏ മുന്നണി അധികാരത്തിലിരുന്ന സമയത്ത്, റെയില്‍‌വെ, റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ശ്രീ. അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതിയായിരുന്ന പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി കോഴിക്കോട്ടെ നിരവധി ഗ്രാമങ്ങളിലേക്ക് നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നതിന് സഹായകമായി. മലബാറിലെ ഏക ഏയര്‍പോര്‍ട്ടായ കരിപ്പൂര്‍ വീമാനത്താവളത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ആവശ്യമായ രീതിയില്‍ ഭാരതത്തിലെ ഏറ്റവും നീളം കൂടിയ ടെര്‍മിനല്‍, അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയത് എന്‍.ഡി.എ ഭരണകാലത്തായിരുന്നു.

കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ ആവേശം പ്രശസ്തമാണ്. ഒട്ടേറെ പ്രതിഭാധനരായ കായികതാരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ കോഴിക്കോടിന് സാധിച്ചു. അസൌകര്യങ്ങളുടെ നടുക്കുള്ള ഒരു കോര്‍പ്പറേഷന്‍ സ്റ്റേഡിയം മാത്രമാണ് ഇവിടെ കായികസ്നേഹികള്‍ക്കായി ഉള്ളത്. ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം കോഴിക്കോടിനു വേണം.

ഐ.ടി ഉള്‍പ്പെടെ നിരവധി രംഗങ്ങളില്‍ കോഴിക്കോടിന് അനന്ത സാധ്യതകളാണുള്ളത്. നമ്മുടെ യുവതക്ക് തൊഴില്‍ ലഭിക്കാനുതകുന്ന പദ്ധതികള്‍ ഉണ്ടാവണം. കാര്‍ഷിക രംഗത്തും പരന്പരാഗത രംഗത്തും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിപ്ലവകരമായ പരിവര്‍ത്തനമുണ്ടാവണം.

സമഗ്രമായ ഒരു മാറ്റത്തിന്, വികസനത്തിന്, ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ഭരണത്തിനു സാധിക്കും ഏന്ന് ഉറപ്പുണ്ട്. ശ്രീ. ലാല്‍ കൃഷ്ണ അദ്വാനിക്ക്, മഹാനായ രാഷ്ട്ര തന്ത്രജ്ഞന് മാത്രമേ അത്തരമൊരു മാറ്റത്തിന് മുന്നണിപ്പോരാളിയാവാന്‍ സാധിക്കൂ..

അദ്വാനിജിയുടെ വികസന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട പിന്തുണ കോഴിക്കോട് നിന്നും നല്‍കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഈ ഉദ്ദേശത്തോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എന്നെ ബി.ജെ.പി നിയോഗിച്ചിരിക്കുകയാണ്.

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വികസന മുന്നേറ്റമുണ്ടാക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും എന്നില്‍ നിന്നുണ്ടാവും. നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം...സുശക്തമായ ഭാരതത്തിനായി...സന്പന്നമായ കേരളത്തിനായി....വികസിതമായ കോഴിക്കോടിനായി..

വി.മുരളീധരന്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ അംഗമാകൂ.... http://www.orkut.co.in/Main#Community.aspx?cmm=57112410