Friday, March 20, 2009

V Muraleedharan

വി. മുരളീധരന്‍, തലശ്ശേരി എരഞ്ഞോളിയില്‍ വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും നന്പള്ളി വീട്ടില്‍ ദേവകിയുടെയും മകനായി 1958 ഡിസംബര്‍ 12ന് ജനിച്ചു. കൊടക്കളം യു.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കോളേജ് വിദ്യാഭ്യാസ ശേഷം 1980 ജൂണില്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ എല്‍. ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി 1980 ഒക്ടോബറില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടു മാസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഇ.കെ നായനാരെ ഡല്‍ഹി കേരള ഹൌസില്‍ ഘരാവോ ചെയ്തത് അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1984ല്‍ കേസ് വെറുതെ വിട്ടതിനെ തുടര്‍ന്ന് ജോലിയില്‍ പുന:പ്രവേശിച്ചു.

1985ല്‍ ജോലി രാജിവെച്ച് എ.ബി.വി.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. പഠനകാലത്ത് എ.ബി.വി.പിയുടെ തലശ്ശേരി താലൂക്ക് പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസത്തിനു ശേഷം എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 മുതല്‍ 1994 വരെ സംസ്ഥാന സംഘടന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. 1987 മുതല്‍ 90 വരെ എ.ബി.വി.പി അഖിലേന്ത്യാ സെക്രട്ടറിയായി. അനന്ത് കുമാറിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അഖിലേന്ത്യാ സെക്രട്ടറിയാണ് വി. മുരളീധരന്‍. 1994 - 96 വര്‍ഷത്തില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എന്ന നിലക്ക് മുംബൈ കേന്ദ്രമാക്കി ദേശവ്യാപകമായി യാത്ര ചെയ്തു.

എ.ബി.വി.പിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്പോള്‍ തന്നെ അനേകം സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മുന്‍ നിര പോരാളിയായി. പ്രീ-ഡിഗ്രി ബോര്‍ഡ് സമരം, പോളിടെക്നിക് സമരം, മെഡിക്കോസ് സമരം എന്നീ പ്രക്ഷോഭങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടു നടന്ന “ചലൊ കാശ്മീര്‍” മാര്‍ച്ചില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ചു. ബംഗ്ലാദേശ് നുഴഞ്ഞു കയറ്റത്തിനെതിരെ ആസ്സാമില്‍ നടന്ന സമരത്തിലും പങ്കെടുത്ത് അറസ്റ്റ് വരിക്കുകയുണ്ടായി. ബോഫോഴ്സ് സമരം, പാലക്കാട് റെയില്‍‌വെ ഡിവിഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ നടന്ന സമരം, വിലക്കയറ്റ വിരുദ്ധ ജയില്‍ നിറക്കല്‍ സമരം, അബ്ദുള്‍ വഹാബ് എം.പി ചെറൂവണ്ണൂരില്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതിനായി നടത്തിയ സമരം എന്നിവ ജനശ്രദ്ധ നേടി. എ.ഡി.ബി ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ നടന്ന 48 മണിക്കൂര്‍ ഉപവാസത്തിന് നേതൃത്വം നല്‍കി. അടിസ്ഥാന ജനവിഭാഗമായ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ വിവിധ സാമുദായിക സംഘടനകളെ സംഘടിപ്പിക്കുകയും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ബി.ജെ.പി അഖിലേന്ത്യാ പരിശീലന വിഭാഗം കണ്‍‌വീനര്‍, അഖിലേന്ത്യാ എന്‍.ജി.ഒ സെല്‍ കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വാജ്പേയ് പ്രധാനമന്ത്രി ആയിരിക്കെ 1999ല്‍ നെഹ്രു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനായി. 2000ത്തില്‍ പ്രധാനമന്ത്രി ചെയര്‍മാനായ ഇന്ത്യന്‍ റിപ്പബ്ലിക് സുവര്‍ണ്ണജയന്തി ആഘോഷ കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2004 വരെ നെഹ്രു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായും ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രി കമ്മീഷന്റെ കീഴിലുള്ള യൂത്ത് എം‌പ്ലോയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ കണ്‍‌വീനറായും പ്രവര്‍ത്തിച്ചു. നെഹ്രു യുവകേന്ദ്രയുടെ ചുമതലയിലിരിക്കെ രാഷ്ട്രപുനര്‍ നിര്‍മ്മാണവാഹിനി രൂപീകരിച്ച് ദേശീയശ്രദ്ധ നേടി. യുവാക്കളില്‍ സംരംഭകത്വം, സന്പാദ്യ ശീലം എന്നിവ വളര്‍ത്തുന്നതിന് വി. മുരളീധരന്‍ സ്ഥാപകനായി അഖിലേന്ത്യാ തലത്തില്‍ നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

2004ല്‍ ബാങ്കോക്കില്‍ നടന്ന്ന ഏഷ്യ-പെസഫിക് കോണ്‍‌ഫ്രന്‍സില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയം, ഉന്നത വിദ്യാഭ്യാസ രംഗം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നടന്ന 25ഓളം - അന്തര്‍ദേശീയ - ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ വി. മുരളീധരന്‍, ഭാര്യ ചേളന്നൂര്‍ എസ്. എന്‍ കോളേജിലെ സംസ്കൃത വിഭാഗം ലക്ചററായ ഡോ.കെ.എസ്. ജയശ്രീയുമോത്ത് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള വാടകവീട്ടില്‍ താമസിക്കുന്നു.

1 comment: